< Back
Kerala
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്കെതിരെ കേസ്
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്കെതിരെ കേസ്

Web Desk
|
15 Dec 2025 7:16 PM IST

കണ്ണൂർ ശിവദാസൻ എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസൻ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാക്കിയത്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയും സിനിമാ താരവുമായ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂർ എടയന്നൂരിൽ വെച്ചാണ് ശിവദാസൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.

കണ്ണൂർ ശിവദാസൻ എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസൻ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാക്കിയത്. ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ശിവദാസന്റെ കാർ എടയന്നൂരിൽ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയിൽ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാർ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാർ വാഹനം തടഞ്ഞ് മട്ടന്നൂർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ശിവദാസൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

കാറിൽ മറ്റു ചിലർ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂർ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ രീതിയിൽ കുറച്ച് നാൾ മുമ്പ് കണ്ണൂർ കണ്ണോത്തുംചാലിൽ വെച്ച് ശിവദാസൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.

Similar Posts