< Back
Kerala
നാട്ടികയിൽ സി.സി മുകുന്ദനെ പിന്തുണച്ചേക്കില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്
Kerala

നാട്ടികയിൽ സി.സി മുകുന്ദനെ പിന്തുണച്ചേക്കില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്

Web Desk
|
12 March 2026 8:20 AM IST

പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പും നേതൃത്വം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്

തൃശൂര്‍: നാട്ടികയിൽ സി.സി മുകുന്ദൻ എംഎൽഎക്ക് മത്സരിക്കാൻ യുഡിഎഫ് പിന്തുണ നൽകിയേക്കില്ല. സ്വന്തം സ്ഥാനാർത്ഥിയുമായി മുന്നോട്ടുപോവുക എന്ന അഭിപ്രായത്തിനാണ് യുഡിഎഫിൽ മുൻതൂക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പും നേതൃത്വം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐയിൽ പൊട്ടിത്തെറി ഉണ്ടായത്തിനു പിന്നാലെയാണ് മുകുന്ദനെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ചർച്ച നടന്നത്. യുഡിഎഫ് പിന്തുണച്ചാൽ മത്സരിക്കുമെന്നും മുകുന്ദൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ മുകുന്ദനെ ബന്ധപ്പെട്ടെങ്കിലും ചർച്ചകളിൽ നേരിയ പുരോഗതി മാത്രമാണ് ഉള്ളത്. കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും മുകുന്ദനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

യുഡിഎഫ് സ്ഥാനാർഥിയുമായി മുന്നോട്ടു പോകണം എന്നാണ് നിലവിലെ ധാരണ. മുകുന്ദൻ സ്വതന്ത്രനായി മത്സരിച്ചാൽ അത് ഇടതു വോട്ടുകൾ ഭിന്നിപ്പിക്കും എന്നും അതും കോൺഗ്രസ് സ്ഥാനാർഥിക്ക് ഗുണം ചെയ്യും എന്നും നേതൃത്വം കണക്കുകൂട്ടുന്നു. മുകുന്ദനെ മത്സരിപ്പിക്കുന്നതിൽ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്.

അവസാന സമയത്തുണ്ടാകുന്ന ആശയക്കുഴപ്പം മറ്റു മണ്ഡലങ്ങളെ ബാധിക്കരുതെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. കഴിഞ്ഞ തവണ മത്സരിച്ച സുനിൽ ലാലൂരിനെ തന്നെയാണ് ഇത്തവണയും നാട്ടികയിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്.

Similar Posts