< Back
Kerala
വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ല; കാലം പറഞ്ഞ കഥയുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളി സെൻസർ ബോർഡ്
Kerala

'വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ല'; 'കാലം പറഞ്ഞ കഥ'യുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളി സെൻസർ ബോർഡ്

Web Desk
|
10 Feb 2026 6:50 PM IST

സിനിമ അപകീർത്തികരമാണെന്ന് കോടതിയിൽ ആവർത്തിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ്

തിരുവനന്തപുരം: 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തിൽ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ്. കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാൽ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു. കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും, ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക അറിയിച്ചു. എന്നാൽ സിനിമ അപകീർത്തികരമെന്ന് അഫാൻ്റെ പിതാവ് കോടതിയിൽ ആവർത്തിച്ചു.

സിനിമ പുറത്ത് വന്നാല്‍ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. സിനിമ റിലീസ് ചെയ്താല്‍ അഫാന്‍റെ ഭാവിയെ ബാധിക്കും.കൂടാതെ കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയിലുണ്ടായിരുന്നു.

2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാൻ ആണ് കേസിലെ ഏക പ്രതി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.


Similar Posts