< Back
Kerala
Central government gave permission for wayanad tunnel road
Kerala

വയനാട് തുരങ്കപ്പാതക്ക് കേന്ദ്ര അനുമതി

Web Desk
|
28 May 2025 10:30 PM IST

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്.

ന്യൂഡൽഹി: വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സംസ്ഥാന സർക്കാരിന് ഇനി ടെണ്ടർ നടപടിയുമായി മുന്നോട്ട് പോകാം. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ച പദ്ധതിയാണിത്.

മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൂരം ഗണ്യമായി കുറയക്കാൻ കഴിയുന്ന പദ്ധതിയാണ് തുരങ്കപാത. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചില പരിസ്ഥിതി സംഘടനകൾ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ ആവശ്യമുള്ള മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുത്ത് നൽകിയിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബിൽഡ് കോൺ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാർ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്ര കൺസ്ട്രക്ഷൻ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാർ.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയിൽ-മേപ്പാടി ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്റർ ആയി കുറയുകയും ചെയ്യും.

Similar Posts