< Back
Kerala
ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ; ചർച്ചയായി പേജ് മാറ്റം
Kerala

ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ; ചർച്ചയായി പേജ് മാറ്റം

അഹമ്മദലി ശര്‍ഷാദ്
|
1 Jan 2026 8:22 PM IST

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെയും എം.കെ മുനീറിന്റെയും ലേഖനങ്ങൾ ഉൾപ്പെടെയുള്ള എഡിറ്റോറിയൽ പേജ് ആണ് ജന്മഭൂമിയിൽ അച്ചടിച്ചുവന്നത്

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് ബിജെപിയുടെ മുഖപത്രമയാ ജന്മഭൂമിയിൽ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെയും എം.കെ മുനീറിന്റെയും ലേഖനങ്ങൾ ഉൾപ്പെടെയുള്ള എഡിറ്റോറിയൽ പേജ് ആണ് ജന്മഭൂമിയിൽ അച്ചടിച്ചുവന്നത്. 'അലകും പിടിയും ഇളകിയ ഇടത് മുന്നണി' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലും ജന്മഭൂമിയിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പ്രിന്റിങ്ങിനിടെ സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് സൂചന.

സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് രംഗത്തെത്തി. ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയൽ പേജിൽ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്നും ഇതിനെയാണ് അന്തർധാരയെന്ന് പറയുന്നതെന്നും പി.എം മനോജ് പരിഹസിച്ചു. പേജ് പങ്കുവെച്ച് ഫേസ്ബുക്കിലാണ് പരിഹാസം.

ഇതിന് മറുപടിയുമായി ലീഗ് അനുകൂല സൈബർ ഹാൻഡിലുകളും രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക പിഴവ് അംഗീകരിക്കുമ്പോൾ തന്നെ സംഘ്പരിവാറിനെതിരെ ഒന്നുമില്ലെന്ന് പറയുന്ന പി.എം മനോജ് എം.കെ മൂനീറിന്റെ ലേഖനം കാണാത്തത് എന്താണെന്നാണ് ഇവരുടെ ചോദ്യം. 'വന്ദേമാതരവും സംഘ്പരിവാറും' എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗമാണ് ആ പേജിലെ പ്രധാന ലേഖനം എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Similar Posts