< Back
Kerala
Chandy Oommen and family cast their votes in puthuppally vakathanam
Kerala

വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും കുടുംബവും; 'മണ്ഡലത്തിലെ വികസനവും കരുതലും ചർച്ച ചെയ്താണ് വോട്ടെടുപ്പ്'

Web Desk
|
5 Sept 2023 10:08 AM IST

വാകത്താനം ജോർജിയൻ സ്‌കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വാകത്താനം ജോർജിയൻ സ്‌കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ, സഹോദരിമാരായ അച്ചു ഉമ്മൻ, മറിയ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ സഹോദരി എന്നിവർക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിലും പള്ളിയിലുമെത്തി പ്രാർഥന നടത്തിയ ശേഷം വാകത്താനത്തെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തിയ ചാണ്ടി ഉമ്മൻ നേരെ വീട്ടിലെത്തി. തുടർന്ന് വോട്ട് ചെയ്യാനായി കുടുംബത്തോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു. ബൂത്തിലെ 656ാം നമ്പർ വോട്ടറാണ് ചാണ്ടി ഉമ്മൻ.

വികസനവും കരുതലുമായിരുന്നു 53 വർഷത്തെ മണ്ഡലത്തിലെ മുദ്രാവാക്യമെന്നും അത് ചർച്ച ചെയ്താണ് വോട്ടെടുപ്പ് നടക്കുന്നതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് താൻ മാത്രമല്ല, ഇവിടുത്തെ ഓരോ വോട്ടറും ചർച്ച ചെയ്തു. അതുകൊണ്ടാണ് പലരും ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

നേരത്തെ, മണർകാട് കണിയാൻകുന്ന് ഗവ. സ്‌കൂളിലെത്തി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയിരുന്നു. പല ബൂത്തുകളിലും മികച്ച പോളിങ്ങാണെന്നും പുതുപ്പള്ളിയുടെ വോട്ടർമാർ ആവേശത്തിലാണെന്നും വോട്ട് ചെയ്തിറങ്ങിയ ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവാദങ്ങൾക്ക് വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ സ്ഥാനം. വികസനവും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളുമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിധേയമാക്കിയിട്ടുള്ളതെന്നും ജെയ്ക്ക് വ്യക്തമാക്കിയിരുന്നു.

രാവിലെ മുതൽ കനത്ത പോളിങ്ങാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 18 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. അതേസമയം, ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന്റെ വോട്ട് പുതുപ്പള്ളിയിൽ അല്ല.

Similar Posts