< Back
Kerala
ഞാൻ ഒറ്റയാൻ, പാര്‍ട്ടി മാറ്റമോ തെരഞ്ഞെടുപ്പിൽ മത്സരിക്കലോ അജണ്ടയിൽ ഇല്ല; വി.കുഞ്ഞികൃഷ്ണന്‍
Kerala

'ഞാൻ ഒറ്റയാൻ, പാര്‍ട്ടി മാറ്റമോ തെരഞ്ഞെടുപ്പിൽ മത്സരിക്കലോ അജണ്ടയിൽ ഇല്ല'; വി.കുഞ്ഞികൃഷ്ണന്‍

Web Desk
|
4 Feb 2026 8:38 AM IST

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

കണ്ണൂര്‍: പാര്‍ട്ടി മാറ്റമോ തെരഞ്ഞെടുപ്പിൽ മത്സരിക്കലോ അജണ്ടയിൽ ഇല്ലെന്ന് സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണന്‍. സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും പുസ്തകത്തിൻ്റെ പേരിൽ നിയമ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താനുള്ള നീക്കം നടത്തുമോ എന്ന ആശങ്കയിലാണ് ഹൈക്കോടതിയെ സമീപിച്ചത്.പൊലീസ് സംരക്ഷണം ഹൈക്കോടതി അനുവദിച്ചതുകൊണ്ട് നിലവില്‍ ആശങ്കയില്ല.ഞാനൊരു ഒറ്റയാനാണ്.പരിപാടിയില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ മറ്റാരുമില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൻ്റെയടക്കം വിശദാംശങ്ങൾ പുസ്തകത്തിൽ ഉണ്ട്. പയ്യന്നൂരിലെ പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങളും തുറന്നെഴുതിയിട്ടുണ്ട്. പുസ്തക പ്രകാശന ചടങ്ങിന് ആൾക്കാർ എത്തുന്നത് തടയാൻ ശ്രമം ഉണ്ട്'. ഉന്നയിച്ച വിഷയങ്ങളിൽ മറുപടിയില്ലാത്തതിനാലാണ് വ്യക്തിഹത്യാ നീക്കം നടക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

'കേസിന് പോകുന്നത് സിപിഎമ്മിന്‍റെ ഇഷ്ടം. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ശ്രമങ്ങള്‍ നവമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. സ്വത്തിനെ സംബന്ധിച്ചും ആസ്തിയെ സംബന്ധിച്ചുമെല്ലാം തെറ്റായ പ്രചാരണം നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കണമെന്നാണ് എന്‍റെ ആഗ്രഹം'. അദ്ദേഹം പറഞ്ഞു.

അതേസമയം, വി.കുഞ്ഞികൃഷ്ണൻ എഴുതിയ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് പുസ്തകത്തിൻ്റെ പ്രകാശനം നടക്കുക. ജോസഫ് സി മാത്യു, ഡോ. വി.എസ് അനിൽകുമാറിന് നൽകി പ്രകാശനം നിർവഹിക്കും. ഹൈക്കോടതി നിർദേശ പ്രകാരം പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി സിപിഎം തള്ളിയിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ധനരാജിൻ്റെ കുടുംബ സഹായ ഫണ്ടിൽ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതു സമൂഹത്തിന് മുന്നിൽ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോൾ നിലപാട് തിരുത്തിയിട്ടുണ്ട്.


Similar Posts