< Back
Kerala
Charred body found in Nedumangadu college campus
Kerala

നെടുമങ്ങാട് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ഉടമയുടെ ഫോണും കാറും സമീപത്ത്

Web Desk
|
31 Dec 2024 1:22 PM IST

പി.എ അസീസ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എ അസീസ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോളജ് ഉടമ അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

അബ്ദുൽ അസീസ് താഹയുടെ മൊബൈൽ ഫോൺ മൃതദേഹത്തിന് അടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കാർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. താഹക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന കോളേജിൽ രാത്രിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് സൂചന. പണി പൂർത്തിയാക്കാത്ത ഹാളിന് സമീപം ഇന്നലെ അസീസ് താഹയെ കണ്ടതായി നാട്ടുകാരും പറയുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അസീസിന് കടബാധ്യതയുള്ളതായും പണം തിരികെ ആവശ്യപ്പെട്ട് ആളുകൾ ഇന്നലെ ബഹളം ഉണ്ടാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്ന് പൊലീസ് പറഞ്ഞു.

Similar Posts