< Back
Kerala
ചേലക്കര കോൺഗ്രസ് ലീഗുമായി വെച്ചുമാറിയേക്കും
Kerala

ചേലക്കര കോൺഗ്രസ് ലീഗുമായി വെച്ചുമാറിയേക്കും

Web Desk
|
19 Feb 2026 10:02 AM IST

പകരം കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും

തൃശൂര്‍: ചേലക്കര - കോങ്ങാട് സീറ്റുകൾ കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിൽ വച്ചു മാറിയേക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ച പൂർത്തിയായി. ചേലക്കരയിൽയിൽ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ശ്രമം.

സംവരണ മണ്ഡലങ്ങൾ ആയ ചേലക്കരയും കോങ്ങാടും വച്ചു മാറാനാണ് യുഡിഎഫിനുള്ളിലെ ചർച്ചകൾ . കഴിഞ്ഞ തവണ ലീഗ് മത്സരിച്ച കോങ്ങാട് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വന്നാൽ ഗുണം ചെയ്യും എന്നാണ് കോൺഗ്രസ് കരുതുന്നത്. ലീഗിനും ഇത് സമ്മതമാണ്. കെ.എ തുളസി ഉൾപ്പെടെ ഉള്ളവരുടെ പേരുകളാണ് കോൺഗ്രസ് കോങ്ങാടിനായി ഉയർത്തുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് കോങ്ങാട് ലീഡ് കിട്ടിയത്. ഇതും അനുകൂല ഘടകം ആയി പാർട്ടി കണക്കാക്കുന്നു.

ചേലക്കരയിൽ ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജയന്തി മത്സരിക്കുന്നതിന് നിയമപരമായ ചില തടസങ്ങൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റൊരാളെ പരിഗണിക്കും. സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിലവിൽ കോങ്ങാട്, ചേലക്കര സീറ്റുകൾ സിപിഎമ്മാണ് ജയിച്ചിട്ടുള്ളത്. ഇടതു കോട്ടകളായ ഈ സീറ്റുകളിൽ ഇത്തവണ മാറ്റം വരുത്താൻ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.


Similar Posts