< Back
Kerala
യു.ഡി.എഫിന്‍റെ പരാജയ കാരണം സംഘടനാ ദൗർബല്യം; പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റെ പ്രവർത്തനം മികച്ചതന്ന് ചെന്നിത്തല
Kerala

യു.ഡി.എഫിന്‍റെ പരാജയ കാരണം സംഘടനാ ദൗർബല്യം; പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്‍റെ പ്രവർത്തനം മികച്ചതന്ന് ചെന്നിത്തല

Web Desk
|
26 May 2021 2:53 PM IST

അശോക് ചവാൻ സമിതി മുമ്പാകെയാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍.

യു.ഡി.എഫിന്‍റെ പരാജയ കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. കോവിഡും പ്രളയവും രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് തടസമായി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്‍റെ പ്രവർത്തനം മികച്ചതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അശോക് ചവാൻ സമിതി മുമ്പാകെയാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍.

കോവിഡിന്‍റെ മറവിൽ സർക്കാർ ഒഴുക്കിയ പണവും പെൻഷനും ഭക്ഷ്യക്കിറ്റും തോൽവിക്ക് കാരണമായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിന്‍റെ സ്വജനപക്ഷപാതവും അഴിമതികളും പൊതുജനത്തിനുമുമ്പില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇതു മൂലം സര്‍ക്കാരിന് നിരവധി തീരുമാനങ്ങള്‍ തിരുത്തേണ്ടതായും പിന്നോട്ടു പോകേണ്ടതായും വന്നു. സഭയ്ക്കകത്തും പുറത്തും താന്‍ ഉന്നിച്ച ആരോപണങ്ങള്‍ക്ക് വന്‍ പ്രാധാന്യം ലഭിച്ചിരുന്നെന്നും മുന്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം, ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല. സ്ഥാനാർഥികളുടെ സ്ലിപ്പുകൾ പോലും വീടുകളിൽ എത്തിക്കാനായില്ല. കോൺഗ്രസിന് ജയസാധ്യതയുള്ളയിടങ്ങളിൽ ബി.ജെ.പി, സി.പി.എമ്മിന് വോട്ടു മറിച്ചു. ഇത് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് ആക്കം കൂട്ടി. സി.എ.എ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം സി.പി.എമ്മിനനുകൂലമായി. ഇത്തരത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി പഠിക്കുന്ന അശോക് ചവാന്‍ സമിതി ഓണ്‍ലൈന്‍ മുഖേനയാണ് വിവിധ നോതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് മുന്‍ പ്രതിപക്ഷ നേതാവില്‍ നിന്ന് സമിതി വിശദീകരണം ആരാഞ്ഞത്.

Similar Posts