< Back
Kerala
ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; സ്വന്തം വീട്ടിൽ പരാക്രമവുമായി ചെറാട് മലയിൽ കുടുങ്ങിയ ബാബു
Kerala

ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; സ്വന്തം വീട്ടിൽ പരാക്രമവുമായി ചെറാട് മലയിൽ കുടുങ്ങിയ ബാബു

Web Desk
|
7 Dec 2023 9:22 PM IST

പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി ചെറാട് മലയിൽ കുടുങ്ങി വാർത്തകളിൽ നിറഞ്ഞ ബാബു സ്വന്തം വീട്ടിൽ അതിക്രമം അഴിച്ചുവിട്ടു. ജനൽചില്ലുകൾ അടിച്ചുതകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ പാലക്കാട് പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ഇന്നു വൈകീട്ട് ആറിന് പാലക്കാട് നഗരത്തിനോട് ചേർന്നുള്ള കൂട്ടുപാത മരുത റോഡിലെ പോളിടെക്‌നിക്കിനു സമീപത്തുള്ള വാടകവീട്ടിലാണ് ബാബുവിന്റെ പരാക്രമം. വീട്ടിലെ ഉപകരണങ്ങൾ തല്ലിപ്പൊളിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് ആവശ്യപ്രകാരം കഞ്ചിക്കോട്ടുനിന്ന് സേനാംഗങ്ങളും എത്തി.

പൊലീസിനെ കണ്ടതോടെ യുവാവ് കൂടുതൽ അക്രമാസക്തനായി. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഗ്ലാസ് ചില്ലുകൾ ഉദ്യോഗസ്ഥർക്കുനേരെ എറിയുകയും ചെയ്തു. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. രണ്ടു മണിക്കൂറോളം നീണ്ട പരാക്രമത്തിനൊടുവിലാണ് ഇയാളെ പൊലീസ് കീഴടക്കിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Summary: Babu, who trapped in Cheradu hill, attacks his own home in Palakkad

Similar Posts