< Back
Kerala
സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; ലാല്‍സലാം കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയെന്ന് ചെറിയാന്‍ ഫിലിപ്പ്

ചെറിയാൻ ഫിലിപ്പ്-മോഹൻലാൽ Photo| Facebook

Kerala

സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; 'ലാല്‍സലാം' കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയെന്ന് ചെറിയാന്‍ ഫിലിപ്പ്

Web Desk
|
30 Sept 2025 1:40 PM IST

ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക

തിരുവനന്തപുരം: ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന പരിപാടിക്കെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മോഹൻലാലിനെ ചുവപ്പുവൽക്കരിക്കുകയാണെന്നും ലാൽസലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും. പരിപാടിയിൽ ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. ആദരിക്കല്‍ ചടങ്ങിനെ തുടര്‍ന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം ‘ആടാം നമുക്ക് പാടാം’ മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും ചേര്‍ന്ന് വേദിയില്‍ എത്തിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മോഹൻലാലിനെ ചുവപ്പുവൽക്കരിക്കുന്നു

ഫാൽക്കേ അവാർഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ നടത്തുന്ന മോഹൻലാൽ സ്വീകരണ ചടങ്ങിന് 'ലാൽ സലാം, എന്ന പേരു നൽകിയത് ലാലിന് സലാം എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.

ലാൽസലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാൽ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പൻ അഭിവാദ്യം എന്നാണ് യഥാർഥ അർത്ഥം. ഇംഗ്ലീഷിൽ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന പാർട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സർക്കാരിനുള്ളത്. കമ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാൻ കല്പകവാടി തൻ്റെ സിനിമയ്ക്ക് 'ലാൽ സലാം' എന്ന പേരു നൽകിയത്.

Similar Posts