< Back
Kerala
ആത്മാഭിമാനമുണ്ടെങ്കിൽ സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണം;ചെറിയാൻ ഫിലിപ്പ്

Photo: MediaOne

Kerala

'ആത്മാഭിമാനമുണ്ടെങ്കിൽ സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണം';ചെറിയാൻ ഫിലിപ്പ്

Web Desk
|
25 Oct 2025 11:03 AM IST

ജന്മി കുടിയാൻ ബന്ധത്തിൽ നിന്ന് ഇനിയെങ്കിലും മോചിതരാകണമെന്നും അല്ലാത്തപക്ഷം മുടിനാരുകൾ പോലെ കൊഴിഞ്ഞുപോകുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജന്മി കുടിയാൻ ബന്ധത്തിൽ നിന്ന് ഇനിയെങ്കിലും മോചിതരാകണമെന്നും അല്ലാത്തപക്ഷം മുടിനാരുകൾ പോലെ കൊഴിഞ്ഞുപോകുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പിഎം ശ്രീയിൽ സിപിഐയുടെ എതിർപ്പ് അവ​ഗണിച്ച് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് വിമർശനം.

'ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന, കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സിപിഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞുപോകും. നഷ്ടപ്പെടാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം എന്ന മുദ്രാവാക്യം സിപിഐകാർക്ക് അന്തസ്സോടെ മുഴക്കാം.' ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

'സിപിഐ നേതാക്കളായ സി.അച്ഛ്യുതമേനോൻ, പി.കെ വാസുദേവൻ നായർ തുടങ്ങിയവരെ മന്ത്രിസ്ഥാനത്ത് എത്തിച്ചത് കോൺ​ഗ്രസാണ്. പത്തുവർഷത്തെ സുവർണകാലം അയവിറക്കാനേ ഇപ്പോൾ സിപിഐക്ക് കഴിയുന്നുള്ളൂ..അച്ഛുതമേനോനെ മികച്ച മുഖ്യമന്ത്രിയായി കോൺ​ഗ്രസുകാർ വാഴ്ത്തുമ്പോഴും അദ്ദേഹത്തിന്റെ പേര് ഉച്ഛരിക്കാൻ പോലും സിപിഎം തയ്യാറല്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സിപിഐ കുരയ്ക്കും, പക്ഷെ കടിക്കില്ല എന്ന ആക്ഷേപവുമായി ചെറിയാൻ രം​ഗത്ത് വന്നിരുന്നു. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടുകയും ഛർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും പിഎം ശ്രീയിൽ സിപിഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണക്കമെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയിൽ സിപിഐയുടെ എതിർപ്പ് പരി​ഗണിക്കാതെ മന്ത്രിസഭായോ​ഗത്തിന് ഒരാഴ്ച മുമ്പ് കരാർ ഒപ്പുവെച്ചെന്ന രേഖകൾ പുറത്തുവന്നതോടെ മുന്നണിക്കകത്ത് അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് സിപിഐ തീരുമാനം.

Similar Posts