< Back
Kerala
എസ്‌ഐആർ; കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Kerala

എസ്‌ഐആർ; കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

Web Desk
|
27 Oct 2025 7:16 PM IST

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുമെന്നും നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽക്കർ

തിരുവനന്തപുരം: രാജ്യവ്യാപക എസ്‌ഐആറിൽ കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുമെന്നും കൂടുതൽ ബിഎൽഒമാരെ നിയമിക്കാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

നാളെ എല്ലാ ജില്ലകളിലെയും കലക്ടർമാരുടെ യോഗം തിരുവനന്തപുരത്ത് ചേരും. മറ്റന്നാൾ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി യോഗം നടത്തും. വീട് വീടാന്തരം സന്ദർശിച്ച് ബിഎൽഒമാർ വിവരങ്ങൾ സ്വീകരിക്കും. മൂന്ന് തവണയെങ്കിലും ബിഎൽഒമാർ വീടുകൾ സന്ദർശിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവരെ എസ്‌ഐആർ നടപടികൾക്കായി നൽകില്ല. കേരളത്തിൽ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 2002ലെ വോട്ടർ പട്ടികയും 2025ലെ വോട്ടർ പട്ടികയും തമ്മിൽ താരതമ്യം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കിയതാണ്. നിലവിലെ ലിസ്റ്റിലുള്ളവരുടെ മാതാപിതാക്കൾ 2002ലെ പട്ടികയിൽ ഉണ്ടെങ്കിൽ രേഖകൾ നൽകേണ്ടതില്ലെന്നും രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ അവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

എസ്ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. നടപടികൾ നാളെ മുതൽ നവംബർ മൂന്നുവരെ പ്രാഥമികമായി നടക്കും. തുടർന്ന് നവംബർ നാലുമുതൽ ഡിസംബർ നാലുവരെ വീടുകൾ കയറിയുള്ള വിവരശേഖരണം പൂർത്തിയാക്കും.ഡിസംബർ ഒൻപതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ജനുവരി എട്ടുവരെ സമർപ്പിക്കാം. അതിനുശേഷം ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

Similar Posts