
'പേര് ചേർക്കാൻ 12 ഡോക്യുമെന്റുകളിൽ ഏതെങ്കിലും ഒന്ന് മാത്രം മതി'; ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ
|ജനന സ്ഥലം ഉള്ള രേഖ തന്നെ വേണമെന്നില്ലെന്നും ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഒപ്പം SIR നടപ്പിലാക്കാൻ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽഖർ. ഉദ്യോഗസ്ഥർക്ക് അടക്കം രണ്ടു ഉത്തരവാദിത്വം വരുമെന്നതിനാലാണ് SIR മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് രത്തൻ ഖേൽഖർ മീഡിയവണിനോട് പറഞ്ഞു. ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽഖർ പറഞ്ഞു.
എന്യൂമറേഷൻ ഫോമിൽ ഉൾപ്പെടുത്തിയ തീയതികൾ എല്ലാം നിയമപ്രകാരമുള്ളതാണ്. പേര് ചേർക്കാൻ 12 ഡോക്യുമെന്റുകളിൽ ഏതെങ്കിലും ഒന്ന് മാത്രം മതി. ജനന സ്ഥലം ഉള്ള രേഖ തന്നെ വേണമെന്നില്ലെന്നും അതിൽ സംശയങ്ങൾ വേണ്ടതില്ലെന്നും രത്തൻ ഖേൽഖർ പറഞ്ഞു. പിതാവിന്റെയോ മാതാവിന്റെയോ ഒരു രേഖയും കൂടി മതിയാവും. അഞ്ചു മിനിറ്റ് കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന കാര്യമാണ്. വോട്ട് അവകാശമുള്ളത് ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ്. ആരാണ് ഇന്ത്യൻ പൗരൻ എന്ന് പൗരത്വ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. അതുമാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ചിരിക്കുന്നതെന്നും രത്തൻ ഖേൽഖർ പറഞ്ഞു.
SIR തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അത് ചെയ്തേ പറ്റൂ എന്നും പറഞ്ഞ രത്തൻ ഖേൽഖർ ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ശുദ്ധമായ വോട്ടർ പട്ടിക ഉണ്ടാവണമെന്നത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.