< Back
Kerala
newborn baby, thiruvananthapuram

പ്രതീകാത്മക ചിത്രം

Kerala

നവജാത ശിശുവിനെ വിറ്റ കേസ് ഗൗരവമുള്ളതെന്ന് ബാലാവകാശ കമ്മീഷൻ

Web Desk
|
22 April 2023 12:14 PM IST

കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസ് ഗൗരവമുള്ളതെന്ന് ബാലാവകാശ കമ്മീഷൻ. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. കുഞ്ഞിന്‍റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ് പൊലീസ്.

കേസിലെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് ബാലാവകാശ കമ്മീഷൻ അടിയന്തരയോഗം വിളിച്ചത്. സി. ഡബ്ല്യു.സി പ്രതിനിധി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, കേസിന്‍റെ അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുഞ്ഞിനെ വിറ്റത് ഗൗരവമേറിയ സംഭവം എന്ന് യോഗം വിലയിരുത്തി. എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നടപടി ഉണ്ടാകും. കുഞ്ഞിനെ കൈമാറിയതിന് പിന്നിൽ ഇടനിലക്കാരുടെ സാന്നിധ്യം ഉണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി മനോജ് കുമാർ പറഞ്ഞു.

കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. യുവതി ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം ഉപയോഗിച്ച മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ദമ്പതികളെ വീണ്ടും ചോദ്യം ചെയ്തേക്കും.



Similar Posts