
മലയാറ്റൂര്‍ കൊലപാതകം; സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് കുടുംബം
|കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളത്
കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തിൽ പൊലീസിനെതിരെ കുടുംബം. പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു.
കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളത്. പൊലീസിന്‍റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്‍റെ ആരോപണം.
ചിത്രപ്രിയ കൊലക്കേസില്‍ പൊലീസ് സുപ്രധാന തെളിവായി കൊണ്ടുവന്നതാണ് സിസിടിവി ദൃശ്യം. എന്നാല്‍ ആ സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്നും പൊലീസ് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നുമാണ് ബന്ധുവായ ശരത് ലാലിന്‍റെ ആരോപണം. ചിത്രപ്രിയയുടെ സുഹൃത്ത് അലനാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനൊപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിന് പിന്നാലെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.