< Back
Kerala
The main bridge connecting Chooralmala to the outside world was completely destroyed and Mundakkai and Attamala areas were completely isolated in the landslide
Kerala

ദുരന്തഭൂമിയായി മുണ്ടക്കൈ; ചൂരല്‍മല പാലം ഒലിച്ചുപോയി, ഒറ്റപ്പെട്ട് മുണ്ടക്കൈ-രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

Web Desk
|
30 July 2024 7:37 AM IST

പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചൂരല്‍മല പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്

കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, അട്ടമല മേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ചൂരല്‍മലയുമായി പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തമേഖലയിലേക്ക് ഇനിയും എത്താനായിട്ടില്ല. ദുരന്തത്തില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.

ചൂരല്‍മല പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിരിക്കുകയാണ്. ഇതുമൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താനാകുന്നില്ല. താല്‍ക്കാലിക പാലം നിര്‍മിച്ചോ, എയര്‍ലിഫ്റ്റിങ് വഴിയോ വേണം ഇനി പ്രദേശത്ത് എത്താന്‍. ചൂരല്‍മല, വെള്ളാര്‍മല സ്‌കൂളുകളും പ്രദേശങ്ങളിലെ വീടുകളുമെല്ലാം അപകടത്തില്‍ തര്‍ന്നിട്ടുണ്ട്.

മുണ്ടക്കൈയില്‍ 250ഓളം വീടുകളുണ്ട്. ടൗണിലടക്കം നിരവധി വീടുകളും കടകളും ഒറ്റപ്പെട്ടതായാണു വിവരം.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഹെലികോപ്ടറും എത്തുന്നുണ്ട്. രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘം വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്ടറുകള്‍ 7.30ന് സുലൂറില്‍നിന്നു പുറപ്പെടും. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, കെ. രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍ കേളു തുടങ്ങിയവരും വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്.

മേപ്പാടിക്കു സമീപത്താണ് അപകടം നടന്ന മുണ്ടക്കൈ ഉള്ളത്. പുലര്‍ച്ചെ മൂന്നു തവണ ഉരുള്‍പൊട്ടിയതായാണു വിവരം. ഒരു മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നും ഉരുള്‍പൊട്ടലുണ്ടായി. ചൂരല്‍മല സ്‌കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുള്‍പൊട്ടി.

പാലങ്ങള്‍ തകര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരല്‍മല, കല്‍പ്പറ്റ ടൗണുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരല്‍മല, കല്‍പ്പറ്റ ടൗണുകളില്‍ വെള്ളം കയറി.

കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ചൂരല്‍മലയിലെ ഉരള്‍പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്‍ കവളപ്പാറയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Summary: The main bridge connecting Chooralmala to the outside world was completely destroyed and Mundakkai and Attamala areas were completely isolated in the landslide.

Similar Posts