< Back
Kerala
സ്വവർഗാനുരാഗിയായ സൈക്കോ കില്ലര്‍, യുവാവിന്‍റെ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി; ചൊവ്വന്നൂരിലെ കൊലപാതകക്കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

 പ്രതി സണ്ണി photo| mediaone

Kerala

'സ്വവർഗാനുരാഗിയായ സൈക്കോ കില്ലര്‍, യുവാവിന്‍റെ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി'; ചൊവ്വന്നൂരിലെ കൊലപാതകക്കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Web Desk
|
6 Oct 2025 1:38 PM IST

മുത്തശ്ശിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2005ൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സണ്ണി

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകക്കേസിലെ പ്രതി സണ്ണി സ്വവർഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ്.. ശനിയാഴ്ച രാത്രിയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഇയാൾ കിടന്നുറങ്ങിയതായും പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

ശനിയാഴ്ചയാണ് യുവാവുമൊത്തു സണ്ണി തന്റെ താമസ സ്ഥലത്ത് എത്തിയത് . ക്വാട്ടേഴ്സില്‍ എത്തിയ ശേഷം സണ്ണി 500 രൂപ നൽകി. വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റിൽ കയ്യിട്ടതോടെ പ്രകോപിതനായി കത്തികൊണ്ട് യുവാവിനെ കുത്തുകയും പിന്നീട് ഇരുമ്പിന്റെ ചട്ടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. യുവാവ് മരിച്ചു എന്ന് ഉറപ്പാക്കിയതോടെ മൃതദേഹത്തിനൊപ്പം അന്ന് രാത്രി കിടന്നുറങ്ങി.

പിറ്റേന്ന് ഡീസൽ ഉപയോഗിച്ച് മൃതദേഹം കത്തിച്ച ശേഷം മുറി പൂട്ടി വടക്കാഞ്ചേരിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് രക്ഷപ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെ ഇവിടെ നിന്നും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലേക്ക് പോയശേഷം അവിടെ കിടന്നിരുന്ന കുന്നംകുളം ബസിൽ കയറിയിരിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലും, 2005 ൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സണ്ണി. ആദ്യത്തെ കേസിൽ മാനസിക രോഗിയാണെന്ന നിഗമനത്തിൽ വെറുതെ വിട്ടെങ്കിലും രണ്ടാമത്തെ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയശേഷം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടയാണ് ഈ കൊലപാതകവും നടത്തിയത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Similar Posts