< Back
Kerala
കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സി.ഐ.ടി.യു
Kerala

കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സി.ഐ.ടി.യു

Web Desk
|
14 April 2022 12:49 PM IST

ഒരുപയോഗവും ഇല്ലാതെ മൂന്നക്ഷരമുള്ള വാൽ പിടിപ്പിച്ച് നടക്കുന്ന മാനേജ്മെന്റ് എന്തിനാണെന്ന് കെ.എസ്.ആര്‍.ടി.ഇ.എ വർക്കിങ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണൻ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സി.ഐ.ടി യു. ഒരുപയോഗവും ഇല്ലാതെ മൂന്നക്ഷരമുള്ള വാൽ പിടിപ്പിച്ച് നടക്കുന്ന മാനേജ്മെന്റ് എന്തിനാണെന്ന് കെ.എസ്.ആര്‍.ടി.ഇ.എ വർക്കിങ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണൻ ചോദിച്ചു. കഴിവില്ലെങ്കിൽ സി.എം.ഡി ഒഴിഞ്ഞുപോകണം. ശമ്പളം നൽകാതെ വണ്ടി ഓടുമെന്ന് കരുതേണ്ടെന്നും സി.കെ ഹരികൃഷ്ണൻ പറഞ്ഞു. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.ഇ.എ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയന്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശമ്പളത്തിനായി പണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് വീണ്ടും ധനവകുപ്പിനെ സമീപിക്കും.

അതേസമയം മാനേജ്മെന്‍റിന് വഴങ്ങാതെ കുടുംപിടുത്തത്തിലാണ് ധനവകുപ്പ്. ചോദിച്ചത് 75 കോടിയെങ്കിലും നല്‍കിയത് 30 കോടി മാത്രമാണ്. ഇനി പണം തരില്ലെന്നാണ് ധനവകുപ്പ് നിലപാട്. കോവിഡിന് ശേഷം ഒരിക്കല്‍ പോലും തനത് ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ 25,000ത്തിലധികം ജീവനക്കാര്‍ക്ക് വിഷുവും ഈസ്റ്ററുമുള്ളൂ.

പെസഹ വ്യാഴമായതിനാല്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയാണ്. അതിനാല്‍ ധനവകുപ്പില്‍ നിന്ന് പണം കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. ശനിയാഴ്ചയാണ് ഇനി പ്രവൃത്തി ദിവസം. പണം അനുവദിക്കുകയാണെങ്കില്‍ അന്ന് ശമ്പളം നല്‍കും. ഇല്ലെങ്കില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി തൊഴിലാളികളുടെ പണിമുടക്കും കെ.എസ്.ആര്‍.ടി.സി നേരിടേണ്ടി വരും.

Related Tags :
Similar Posts