< Back
Kerala
ASHA workers strike,KERLA NEWS,latest malayalam news,ആശാ വര്‍ക്കര്‍മാരുടെ സമരം,കേരളം,സിഐടിയു
Kerala

'ആശമാരുടെ സമരം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കണം'; സിഐടിയു ദേശീയ നേതൃത്വം

Web Desk
|
4 March 2025 8:34 AM IST

'21000 രൂപ ലഭിച്ചാൽ മാത്രമേ സമരം നിർത്തുവെന്ന പിടിവാശിയാണ് ഇപ്പോൾ സമരം ചെയ്യുന്നവർക്ക്'

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കണമെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ.ആർ സിന്ധു. കേന്ദ്രവിഹിതങ്ങൾ വെട്ടിക്കുറക്കുന്നതാണ് പ്രതിസന്ധികളുടെ പ്രധാനകാരണം. 21000 രൂപ ലഭിച്ചാൽ മാത്രമേ സമരം നിർത്തുവെന്ന പിടിവാശിയാണ് ഇപ്പോൾ സമരം ചെയ്യുന്നവർക്ക്. സമരത്തിനെതിരെ സിഐടിയു നേതാക്കൾ മോശം പരാമർശങ്ങൾ നടത്തിയതായി അറിയില്ലെന്നും സംസ്ഥാന സർക്കാരിനെ മുഖവിലക്കെടുക്കണമെന്നും സിന്ധു മീഡിയവണിനോട് പറഞ്ഞു.

ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് കഴിഞ്ഞദിവസം അധിക്ഷേപിച്ചിരുന്നു. സുരേഷ് ഗോപി കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ പാർലിമെന്റിൽ സംസാരിക്കണ്ടേയെന്ന് കെ.എൻ ഗോപിനാഥ് ചോദിച്ചിരുന്നു.

'സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അത് നിർത്തി. സുരേഷ് ഗോപി കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ പാർലിമെന്റിൽ സംസാരിക്കണ്ടേ? സമര നായകൻ സുരേഷ് ഗോപി എത്തുന്നു എന്ന് പ്രചരിപ്പിച്ചു'- എന്നായിരുന്നു കെ.എൻ ഗോപിനാഥിന്‍റെ അധിക്ഷേപം

അതേസമയം, സമരം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കണമെന്ന എ.ആർ.സിന്ധുവിന്റെ പ്രസ്താവന ആശമാർ സ്വാഗതം ചെയ്തു. 21,000 രൂപ ആവശ്യപ്പെട്ടതിൽ തെറ്റില്ല. ഹരിയാനയിൽ 26,000 രൂപ ആവശ്യപ്പെട്ട് സമരം ചെയ്ത ആളാണ് സിന്ധുവെന്നും സമര സമിതി നേതാവ് ബിന്ദു പറഞ്ഞു. ഇതോടെ ആശാ സമരത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് സിഐടിയു ദേശീയ നേതൃത്വം.

അതേസമയം, വേതന വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം 23ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്‍റെ അടുത്തഘട്ടമെന്നോണം ഇന്നലെ ആശമാർ നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. സമരക്കാരോട് സർക്കാർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. ദുരവസ്ഥയ്ക്ക് കേരളവും കേന്ദ്രവും ഒരുപോലെ ഉത്തരവാദികളാണെന്ന് കഴിഞ്ഞദിവസം ആശമാർ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സമരം.


Similar Posts