< Back
Kerala
കേന്ദ്രത്തിന്റെ കടൽ ഖനന നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധവുമായി സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ
Kerala

കേന്ദ്രത്തിന്റെ കടൽ ഖനന നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധവുമായി സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ

Web Desk
|
9 Feb 2025 7:27 AM IST

കൊല്ലം തീരക്കടലിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ ശൃംഖലയിൽ 100ഓളം വള്ളങ്ങൾ അണിനിരന്നു

കൊല്ലം: കടൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിച്ച് സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ. കൊല്ലം തീരക്കടലിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ ശൃംഖലയിൽ 100 ഓളം വള്ളങ്ങൾ അണിനിരന്നു. ഫിഷറീസ് കോഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ സമരങ്ങളും നടത്തുന്നുണ്ട്.

കടൽ ഖനനം ആദ്യ ഘട്ടത്തിൽ തന്നെ നടത്താനായി കേന്ദ്ര സർക്കാർ ടെണ്ടർ വിളിച്ച കൊല്ലത്താണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്. മത്സ്യതൊഴിലാളി കോൺഗ്രസ്‌ കൊല്ലം പോർട്ടിൽ കഴിഞ്ഞ ദിവസം പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിച്ചത്.

50 വർഷത്തേക്ക് ഖനനം നടത്തുന്നതിന് വേണ്ടിയാണ് സ്വകാര്യ കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. തീരത്തെയും തീരദേശത്തെയും കടൽക്കൊള്ളക്കാർക്ക് വിറ്റ് തുലക്കാൻ ഉള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വിമർശിച്ചു. തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി ഈ മാസം 27ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ച് 12ന് പാർലിമെന്റ് മാർച്ചും നടത്തും.

Similar Posts