< Back
Kerala
തെറ്റ് ചെയ്തിട്ടില്ല; ആക്രമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു
Kerala

'തെറ്റ് ചെയ്തിട്ടില്ല'; ആക്രമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു

Web Desk
|
27 Sept 2022 9:17 PM IST

വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നാണ് ആരോപണം.

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു. ജീവനക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നാണ് സി.ഐ.ടി.യു വാദം. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും ജീവനക്കാര്‍ പ്രേമനനെ മര്‍ദിച്ചിട്ടില്ല എന്ന് സി.ഐ.ടി.യു നേതാവ് സി.കെ ഹരികൃഷ്ണൻ അവകാശപ്പെട്ടു.

തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ അതുപോലും ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും സി.കെ ഹരികൃഷ്ണന്‍ പറഞ്ഞു. മര്‍ദനമേറ്റ പ്രേമനനെതിരെ ആരോപണമുന്നയിച്ചും സി.ഐ.ടി.യു നേതാവ് രംഗത്തെത്തി.

വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നാണ് ആരോപണം. ജീവനക്കാര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി എടുത്ത നടപടി ശരിയല്ലെന്നും സി.കെ ഹരികൃഷ്ണന്‍ പറഞ്ഞു.

സംഭവത്തിൽ കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാറിനെയാണ് ഒടുവിലായി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തത്. മർദനദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. നാല് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ്, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സി.പി മിലൻ എന്നിവരെയാണ് നേരത്തെ സസ്‌പെൻഡ് ചെയ്തത്.

സംഭവത്തിൽ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തന്നേയും മകളേയും മർദിച്ച കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഇവർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കാണ് പരാതി കൈമാറിയതെന്ന് പ്രേമനൻ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം ഇഴയുകയാണ്.

പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിനിടെ പ്രതികൾ അഡീഷനൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കാനിരിക്കെയാണ് ഇന്ന് പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Similar Posts