< Back
Kerala
കെ.എസ്.ഇ.ബി സമരത്തിൽ വെട്ടിലായി സി.ഐ.ടി.യു
Kerala

കെ.എസ്.ഇ.ബി സമരത്തിൽ വെട്ടിലായി സി.ഐ.ടി.യു

ijas
|
16 April 2022 6:55 AM IST

സമരം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സി.ഐ.ടി.യു

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരത്തില്‍ വെട്ടിലായി സി.ഐ.ടി.യു. സമരത്തിനാധാരമായി സി.ഐ.ടി.യു ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് ഇതുവരെ തയ്യാറാകാത്തതാണ് സംഘടന നേരിടുന്ന വെല്ലുവിളി. സമരം ശക്തമാക്കുമെന്ന് പറയുമ്പോള്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് പോകാന്‍ കഴിയാത്ത പ്രതിസന്ധിയും സി.ഐ.ടി.യു നേരിടുന്നുണ്ട്

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സി.ഐ.ടി.യു സമരം ശക്തിപ്പെടുത്തിയത്. തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സംഘടനയ്ക്ക് പൂര്‍ണ്ണമായും വഴങ്ങാന്‍ ബോര്‍ഡ് തയ്യാറായില്ല.

സുരേഷ് കുമാറിന്‍റെ സസ്പെന്‍ഷന്‍ ഒഴിവാക്കി പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഹരികുമാറിന്‍റെ പ്രെമോഷൻ റദ്ദാക്കി. സമരം അവസാനിപ്പിക്കണമെങ്കില്‍ നേതാക്കള്‍ക്കെതിരെ എടുത്ത നടപടിയെങ്കിലും പിന്‍വലിക്കണമെന്നാണ് സി.ഐ.ടി.യുവിന്‍റെ ആവശ്യം. എന്നാല്‍ ബോര്‍ഡ് അതിന് പൂര്‍ണ്ണമായും തയ്യാറായേക്കില്ല. എം.ജി സുരേഷ് കുമാറിനെയും, സീതാത്തോടേക്ക് സ്ഥലം മാറ്റിയ ജാസ്മിന്‍ ബാനുവിനേയും പഴയ സ്ഥാനത്തേക്ക് തിരികെ കൊണ്ട് വന്നാല്‍ ഇപ്പോള്‍ ആ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിശദീകരണം.

സി.പി.എം ഇടപെട്ട് പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടും ബോര്‍ഡ് വഴങ്ങാത്തതിലും സി.ഐ.ടി.യുവിന് അതൃപ്തിയുണ്ട്. ഇതോടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ സമരം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക ചില നേതാക്കള്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്. സമരം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ കൂടിയാണ് സി.ഐ.ടി.യു. കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് പോയാല്‍ സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിക്കുമോ എന്ന പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ മുന്നണി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ വൈദ്യുതി വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ സി.ഐ.ടി.യു വെട്ടിലാകും.

Similar Posts