< Back
Kerala
നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ല; ആന്റണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലതെന്ന് സി.കെ ജാനു
Kerala

'നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ല'; ആന്റണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലതെന്ന് സി.കെ ജാനു

Web Desk
|
18 Sept 2025 8:55 AM IST

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടിറങ്ങിയ സിനിമ തെറ്റായ സന്ദേശം നൽകിയെന്നും ജാനു പറഞ്ഞു

വയനാട്: മുത്തങ്ങ വെടിവെപ്പിൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്ന് സി.കെ ജാനു. ഇപ്പോഴും ഭൂമി ആദിവാസികൾക്ക് ലഭിച്ചിട്ടില്ല. അതിന് പരിഹാരം ലഭിച്ചാലേ മാപ്പ് നൽകാൻ കഴിയൂ. താൻ ഉൾപ്പെടെയുള്ള ആദിവാസി സമൂഹം അനുഭവിച്ച മർദനത്തിന് എന്താണ് മറുപടിയെന്നും സി.കെ ജാനു ചോദിച്ചു. എ.കെ ആൻറണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലതാണെന്നും സി.കെ ജാനു പറഞ്ഞു.

'മുത്തങ്ങ സമരവുമായി ഇറങ്ങിയ സിനിമ തെറ്റായ സന്ദേശം നൽകി.പല കാര്യങ്ങളും സിനിമ മറച്ചു വെച്ചു.പൊലീസ് അതിക്രൂരമായി പെരുമാറി.ആളുകളെ സംരക്ഷിക്കുന്ന ഒരു ഇടപെടലും പൊലീസ് നടത്തിയില്ല.സര്‍ക്കാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് സിനിമയുള്ളതെന്നും' ജാനു പറഞ്ഞു.

ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നായിരുന്നു എ.കെ ആന്‍റണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആദിവാസികൾക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് താനാണ്. മുത്തങ്ങ സമരക്കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സഭയിൽ പറഞ്ഞത് പഞ്ചസാരയും മണ്ണെണ്ണയും ഒഴിച്ച് 20 ആദിവാസികളെ കത്തിച്ചു എന്നാണ്. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. ആദിവാസികൾ ആദ്യം കുടിൽ കെട്ടിയപ്പോൾ എല്ലാവരും അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു. പൊലീസ് ആക്ഷൻ ഉണ്ടായപ്പോൾ മാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമൈന്നും ആന്റണി ആവശ്യപ്പെട്ടു. ആ റിപ്പോർട്ടും സർക്കാർ പ്രസിദ്ധീകരിക്കണമെന്നും എ.കെ ആന്‍റണി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.


Similar Posts