< Back
Kerala

Kerala
സീറ്റ് വിഭജനത്തിൽ തർക്കം; കോഴിക്കോട് ഡിസിസി ഓഫീസിൽ തമ്മിൽത്തല്ല്
|8 Nov 2025 1:57 PM IST
കൂടിക്കാഴ്ചകൾക്ക് മുമ്പായി ഒരു കൂട്ടം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ തമ്മിൽത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് വാക്കേറ്റം കയ്യാങ്കളിയിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമാക്കുന്നതിനായി ഇന്ന് ഡിസിസി ഓഫീസിൽ പ്രവർത്തകർ യോഗം കൂടിയിരുന്നു. യോഗനിരീക്ഷകനായി മുൻ ജില്ലാ പഞ്ചായത്തംഗം ഹരിദാസനായിരുന്നു ചുമതലയുണ്ടായിരുന്നത്. കൂടിക്കാഴ്ചകൾക്ക് മുമ്പായി ഒരു കൂട്ടം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രവർത്തകർ ഇരുചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മത- സാമുദായിക ബാലൻസിങ് പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും പരാതി ഉയർന്നിരുന്നു.
കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡിസിസി പ്രതികരിച്ചു.