
മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ DYFI പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
|ഡോ.ഹാരിസിന് പിന്തുണ അറിയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്
മലപ്പുറം: കുറ്റിപ്പുറത്ത് മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത പരിപാടിക്കിടെ സംഘര്‍ഷം. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി.
ഡോ.ഹാരിസിന് പിന്തുണ അറിയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. ഇന്ന് വൈകുന്നേരമാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി എത്തിയത്.
മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിന്നിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റി തള്ളിയിട്ടു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പരാതി.
അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി വീണാ ജോര്‍ജും നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. മഞ്ചേരി ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് വാക്ക് തര്‍ക്കം ഉണ്ടായത്. മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം.