< Back
Kerala
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; കല്ലേറില്‍ കെഎസ്‍യു പ്രവര്‍ത്തകന് പരിക്ക്
Kerala

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; കല്ലേറില്‍ കെഎസ്‍യു പ്രവര്‍ത്തകന് പരിക്ക്

Web Desk
|
25 Feb 2026 7:57 PM IST

വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം നടത്തുകയാണ്

കണ്ണൂര്‍: കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതൊടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കല്ലേറില്‍ കെഎസ്‍യു പ്രവര്‍ത്തകന് പരിക്കേറ്റു.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും റവാഡ ചന്ദ്രശേഖർ മീഡിയവണിനോട് പറഞ്ഞു.

വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ ഉൾപ്പെടെ ഉള്ളവരാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ, മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്തിന് പിന്നാലെ സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിപക്ഷ നേതാവിന്റെ കോലം കത്തിച്ചു. പത്തനംതിട്ടയിലും പാലക്കാടും കോട്ടയത്തും ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്ററുകൾ വലിച്ചു കീറി.

ഇന്ന് ഉച്ചക്ക് ശേഷമാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച് ആസൂത്രിതമായ ആക്രമണമാണ് കെഎസ്‍യു നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്നും കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

അതേസമയം, മന്ത്രിയുടേത് അഭിനയമാണെന്ന് കെഎസ്‍യു ആരോപിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വീണാ ജോർജ് കലോത്സവ കാലങ്ങളിലെ അഭിനയം ഇനിയും മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു.


Similar Posts