< Back
Kerala
മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചിട്ടില്ല: ദലിത് യുവതിയെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തില്‍ പി.ശശിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
Kerala

'മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചിട്ടില്ല': ദലിത് യുവതിയെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തില്‍ പി.ശശിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

Web Desk
|
20 May 2025 7:19 PM IST

ബിന്ദു പരാതിയുമായി വന്നപ്പോൾ പരിശോധനക്കുള്ള സമയമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ എടുത്തുള്ളൂ. കുറ്റക്കാരായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

കോഴിക്കോട്: മോഷണമാരോപിച്ച് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച്, പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പേരൂർക്കടയിൽ ദലിത് യുവതിക്ക് നേരെയുണ്ടായ പൊലീസ് പീഡനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിന്ദു പരാതിയുമായി വന്നപ്പോൾ പരിശോധനക്കുള്ള സമയമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ എടുത്തുള്ളു. കേസിൽ ഇടപെടമെന്ന് ആവശ്യപ്പെട്ടു. അത് നടക്കില്ലല്ലോ എന്നും കുറ്റക്കാരായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പരാതി വായിച്ചുപോലും നോക്കാതെ അവഗണിച്ചുവെന്നായിരുന്നു ബിന്ദുവിന്റെ ആരോപണം. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി വായിച്ചുപോലും നോക്കിയില്ല. പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞതെന്നും ബിന്ദു ആരോപിച്ചിരുന്നു.

തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ രണ്ടര പവന്‍ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകൾ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്നത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിൽ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു

Similar Posts