< Back
Kerala
എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു; സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
Kerala

'എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു'; സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

Web Desk
|
18 Jun 2021 7:17 PM IST

കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയന്‍. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു.

'സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.'- പിണറായി പറഞ്ഞു.

കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് സംഭവം, താനിതാരോടും പറഞ്ഞിരുന്നില്ല. വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാകില്ലെന്ന് സുധാകരനറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പിണറായി പറഞ്ഞു. ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന.

പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു.

Similar Posts