< Back
Kerala
Pinarayi Vijayan Shivagiri sammelanam speech
Kerala

സാമൂഹ്യപരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുവിനെ മത, ജാതി നേതാവായി തളക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Web Desk
|
31 Dec 2024 12:21 PM IST

സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യംവെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെയും, ജാതിയുടെയും കള്ളിയിൽ നിർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ്യപരിഷ്‌കർത്താവായ ഗുരുവിനെ മത, ജാതി നേതാവായി തളക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളിൽ പോകാവു എന്ന ആചാരങ്ങൾ മാറ്റണം. മതത്തിന്റെ പേരിലുള്ള ചിന്തകൾ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും നീങ്ങുന്നു. വംശീയ പ്രശ്‌നങ്ങളാൽ പലർക്കും പലായനം ചെയ്യേണ്ടി വരുന്നു. ഫലസ്തീനിലും, അഫ്ഗാനിസ്ഥാനിലും, മണിപ്പൂരിലുമെല്ലാം മനുഷ്യത്വം ചോർന്നു പോകുന്ന കാഴ്ചകളാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉള്ളതിനലാണ് കേരളത്തിൽ വലിയ വർഗീയ പ്രശ്‌നങ്ങൾ ഇല്ലാത്തത്. സനാതന ധർമങ്ങളുടെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ മാറ്റാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ആ മിഥ്യാ ധാരണ തിരുത്തണം. ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവല്ല. വർണാശ്രമ ധർമത്തെ പൊളിച്ചെഴുതിയാണ് ഗുരു മുന്നോട്ട് പോയത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവിനെ എങ്ങനെയാണ് ഒരു മതത്തിന്റെ പ്രത്യയശാസ്തത്തിൽ ഉൾപ്പെടുത്തുക? സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യംവെക്കുന്നത്. പശുവിനും, ബ്രാഹ്മണനും സുഖം ഉണ്ടാവണമെന്ന പഴയ കാഴ്ചപാട് ഇന്നും മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts