< Back
Kerala
CM Pinarayi Vijayan Against BJP in Munambam Land Row
Kerala

മുനമ്പത്ത് കുളംകലക്കി മീൻ പിടിക്കാൻ ബിജെപി ശ്രമം; പൂർണതട്ടിപ്പ് ആണെന്ന് ഇപ്പോൾ വ്യക്തമായെന്ന് മുഖ്യമന്ത്രി

Web Desk
|
16 April 2025 7:47 PM IST

സംഘ്പരിവാറിന്റെ അടിസ്ഥാന തത്വങ്ങളെ ആരും മറന്നുപോകരുത്. വഖഫ് ഭേദ​ഗതി നിയമം കൊണ്ട് മുനമ്പത്ത് പരിഹാരമാകില്ല.

തിരുവനന്തപുരം: മുനമ്പത്ത് കുളംകലക്കി മീൻപീടിക്കാനുള്ള പരിപാടിയായിരുന്നു ബിജെപിയടക്കമുള്ളവർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായിട്ടാണ് ബില്ലിനെ സംഘ്പരിവാർ കണ്ടത്. വഖഫ് ബിൽ മുനമ്പത്തിനുള്ള ഒറ്റമൂലി ആണെന്ന് ബിജെപി പ്രചരിപ്പിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വായിൽനിന്ന് സത്യം പുറത്തുവന്നതോടെ ബിജെപിയുടെ ആഖ്യാനം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീർഘകാലമായി താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കാനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. അത് പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മീഷനെ വച്ചത്. സമരം അവസാനിപ്പിക്കണമെന്ന അഭ്യർഥന നേരത്തെ മുന്നോട്ടുവച്ചതാണ്. മുനമ്പത്ത് ശാശ്വത പരിഹാരം എന്ന പ്രചരണം ബിജെപി നടത്തി. അത് പൂർണതട്ടിപ്പ് ആണെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ മുസ്‌ലിം വിരുദ്ധമായിട്ട് തോന്നുമെങ്കിലും ഭാവിയിൽ അതങ്ങനെ മാത്രമാവില്ല.

സംഘ്പരിവാറിന്റെ അടിസ്ഥാന തത്വങ്ങളെ ആരും മറന്നുപോകരുത്. വഖഫ് ഭേദ​ഗതി നിയമം കൊണ്ട് മുനമ്പത്ത് പരിഹാരമാകില്ല. കേന്ദ്രമന്ത്രിയുടെ വായിൽ നിന്ന് സത്യം പുറത്തുവന്നു. കേന്ദ്രമന്ത്രിയെ കൊണ്ടുവന്നതിന് പിന്നിലുള്ള രാഷ്ട്രീയം പൊളിഞ്ഞു. മുനമ്പത്തുകാരെ പറഞ്ഞുപറ്റിക്കാൻ ബിജെപി ശ്രമിച്ചു. മുനമ്പത്തുകാരുടെ ആവശ്യം ന്യായമാണ്. അവരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. അതിന് നിയമപരമായി കാര്യങ്ങൾ സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മുനമ്പത്തുകാർക്ക് ഇറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിനെതിരെയും മുഖ്യമന്ത്രി രം​ഗത്തെത്തി. ലീഗിന്റേത് ഇരട്ടത്താപ്പാണ്. മുനമ്പത്ത് ഒരു നിലപാടും തളിപ്പറമ്പ് സർസയ്യിദ് കോളജിന്റെ കാര്യത്തിൽ മറ്റൊരു നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് വിഷയം കാപട്യ പൂർണമായി ഉപയോഗിക്കുകയാണെന്നും ഇരട്ടനിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, എഡിജിപി അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാർശയെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പൂരം കലക്കലിൽ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ലെന്നും കേസെടുക്കേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എം എബ്രഹാം നിയമപരമായ നടപടി സ്വീകരിക്കുന്നുണ്ട്. അതിന്റെ അടുത്തഘട്ടം കഴിയട്ടെ. പരാതി കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts