< Back
Kerala
cm pinarayi vijayan justifies ak balan in maradu riot remarks
Kerala

'മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത്'; എ.കെ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി

Web Desk
|
8 Jan 2026 6:42 PM IST

'രാജീവ് ചന്ദ്രശേഖർ പറയുന്നതും ഞങ്ങൾ പറയുന്നതും ഒരേ ശബ്ദമല്ല. ഞങ്ങൾ പറയുന്നത് കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ്'.

തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാട് ആവർത്തിമെന്നുമുള്ള മുൻ മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് കുഞ്ഞാലിക്കുട്ടിക്ക് സംഭവസ്ഥലത്തേക്ക് പോകാൻ കഴിഞ്ഞില്ല.

വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ യുഡിഎഫ് കൃത്യമായ നിലപാട് സ്വീകരിച്ചില്ല. വർ​ഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടില്ല. പക്ഷേ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തല പൊക്കാൻ ശ്രമം നടത്തിയാൽ കർക്കശ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാർ രീതി. വർ​ഗീയതയോട് വിട്ടുവീഴ്ചയില്ല.

ഏത് വർ​ഗീയതയാണെങ്കിലും നാടിനാപത്താണ്. അങ്ങനെവരുമ്പോൾ, യുഡിഎഫ് വന്നാൽ എന്തായിരിക്കുമുണ്ടാവുക എന്നാണ് എ.കെ ബാലൻ പറയാൻ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കൽ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കലാവില്ല. രാജീവ് ചന്ദ്രശേഖർ പറയുന്നതും ഞങ്ങൾ പറയുന്നത് ഒരേ ശബ്ദമല്ല. ഞങ്ങൾ പറയുന്നതും കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ്. അതിന് ബിജെപിക്കും രാജീവ് ചന്ദ്രശേഖറിനും സാധിക്കില്ല.

നാട്ടില്‍ മതനിരപേക്ഷതയും സമാധാനവും പുലരുകയെന്നത് പ്രധാനമാണ്. വര്‍ഗീയതയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു നിലപാടേയുള്ളൂ. എല്ലാ ജനവിഭാഗങ്ങളെയും സ്വീകരിക്കുന്ന നിലപാടാണ് തങ്ങളുടേത്. ആര്‍എസ്എസിനെ എതിര്‍ക്കുന്നത് കൊണ്ട് ഞങ്ങൾ ഹിന്ദുക്കളെയല്ല എതിർക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെയും എസ്‍ഡിപിഐയേയും എതിര്‍ക്കുന്നതുകൊണ്ട് മുസ്‌ലിംകളെയല്ല സിപിഎം എതിർക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts