< Back
Kerala
സമവായ നീക്കം പാളി; എല്‍.ജെ.ഡിയില്‍ കൂട്ടരാജി
Kerala

സമവായ നീക്കം പാളി; എല്‍.ജെ.ഡിയില്‍ കൂട്ടരാജി

ijas
|
17 Dec 2021 3:14 PM IST

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു

എൽ.ജെ.ഡിയിൽ സമവായ നീക്കം പാളി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു. രാജി കത്ത് സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാംസ് കുമാറിന് സമര്‍പ്പിച്ചതായി ഷെയ്ക് പി ഹാരിസ് അറിയിച്ചു. എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി അങ്കത്തില്‍ അജയകുമാര്‍, സംസ്ഥാന ജനറൽ സെക്രട്ടറി വി രാജേഷ് പ്രേം എന്നിവരും രാജി സമര്‍പ്പിച്ചു.

എല്‍.ജെ.ഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജി കത്തില്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക് പി ഹാരിസ് ആരോപിച്ചു.

പ്രശ്നങ്ങളും വിമര്‍ശനങ്ങളും ചൂണ്ടിക്കാട്ടി ശ്രേയാംസ് കുമാറും വിമത വിഭാഗത്തില്‍പ്പെട്ട നേതാക്കളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളെല്ലാം സമവായത്തിലെത്താതിരുന്നതോടെയാണ് പ്രധാന നേതാക്കള്‍ രാജി സമര്‍പ്പിച്ചത്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജന സമയത്ത് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല, ഒരു എം.എല്‍.എയുണ്ടായിരുന്നിട്ടും മന്ത്രിസ്ഥാനം വാങ്ങിയെടുക്കാന്‍ സാധിച്ചില്ല, നിയമസഭാ സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു എന്നീ പ്രശ്നങ്ങളാണ് വിമത വിഭാഗം ഉന്നയിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ നേരത്തെ തന്നെ എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ സംഘടനാ രാഷ്ട്രീയ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും എല്‍.ജെ.ഡി നേതൃത്വം ഒരു ഇടപെടലും നടത്തിയില്ലെന്ന് രാജിവെച്ചവര്‍ പറയുന്നു.

അതെ സമയം രാജി വെച്ചവര്‍ ഏതുപാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ജെ.ഡി.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും അതിലേക്ക് തന്നെ പോകുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഏതെങ്കിലും തരത്തില്‍ ജെ.ഡി.എസുമായി ചര്‍ച്ച നടത്തിയ കാര്യം രാജിവെച്ചവര്‍ വ്യക്തമാക്കിയിട്ടില്ല.

Related Tags :
Similar Posts