< Back
Kerala
Communal venomous snakes have no place in universities Says SFI

Photo| Special Arrangement

Kerala

സർവകലാശാലകളിൽ വർഗീയ വിഷപ്പാമ്പുകൾക്ക് സ്ഥാനമില്ല: എസ്എഫ്ഐ

Web Desk
|
7 Nov 2025 4:30 PM IST

'കേരളത്തെയാകെ ഞെട്ടിക്കുന്ന ജാതി വിവേചനത്തിൻ്റെ വാർത്തയാണ് ഇപ്പോൾ കേരള സർവകലാശാലയിൽ ഉയർന്നു കേൾക്കുന്നത്'.

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും സർവകലാശാലകളിൽ വർ​ഗീയ വിഷപ്പാമ്പുകൾക്ക് സ്ഥാനമില്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കേരള സർവകലാശാലയിലെ പ്രധാന വകുപ്പുകളുടെ ഡീൻ തസ്തികയിൽ സംഘ്പരിവാർ അനുകൂലികളെ കുത്തിത്തിരുകാനുള്ള തത്രപ്പാടിലാണ് ചാൻസിലറും അയാളുടെ അടിമ കേരള വി.സി. മോഹനൻ കുന്നുമ്മലും. ഇതിൻ്റെ ഫലമെന്താണ്?- ശിവപ്രസാദ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ശിവപ്രസാദിന്റെ പ്രതികരണം.

'കേരളത്തെയാകെ ഞെട്ടിക്കുന്ന ജാതി വിവേചനത്തിൻ്റെ വാർത്തയാണ് ഇപ്പോൾ കേരള സർവകലാശാലയിൽ ഉയർന്നു കേൾക്കുന്നത്. സർവകലാശാലയിലെ സംസ്കൃതം ഡിപ്പാർട്ട്മെൻ്റിൽ പിഎച്ച്ഡി ചെയ്യുന്ന വിദ്യാർഥിക്ക് താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറയേണ്ടിവരികയാണ്. എംഫില്ലിന് തൻ്റെ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അധ്യാപിക തന്നെ ഇപ്പോൾ സംഘ്പരിവാറിന് വിധേയപ്പെട്ടപ്പോൾ എങ്ങനെയാണ് മാറുന്നതെന്ന് നാം കാണുകയാണ്'.

'യഥാർഥത്തിൽ ഒരാൾ സംഘ്പരിവാർ ആയാൽ എന്താണ് സംഭവിക്കുന്നതിൻ്റെ ഉദാഹരണമാണ് സംസ്കൃത മേധാവി വിജയകുമാരിയിലൂടെ കേരളം കാണുന്നത്. ഇവർക്ക് ഒരുപക്ഷേ സംഘ്പരിവാർ പിന്തുണയുണ്ടായേക്കാം. പക്ഷെ അത് കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ആയി കാണരുത്. സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ കേരളത്തിലെ ക്യാമ്പസുകളിൽ ഇടപെടാൻ അനുവദിക്കില്ല'- ശിവപ്രസാദ് വ്യക്തമാക്കി.

ജാതി- മത വിവേചനത്തിൻ്റെ സംഘ്പരിവാർ രാഷ്ട്രീയ ബോധത്തെ ശക്തമായി കേരളം പ്രതിരോധിക്കും. കേരള സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിയായ വിപിൻ വിജയന് എസ്എഫ്ഐയുടെ പൂർണ പിന്തുണയുണ്ടാവും. സംഘ്പരിവാറിനു വേണ്ടി വിദ്യാർഥികളെ ജാതീയമായി വേർതിരിക്കാൻ ശ്രമിക്കുകയും വ്യക്തിവിരോധത്തിൻ്റെ പേരിൽ വിദ്യാർഥിയുടെ ഭാവി നശിപ്പിക്കാൻ അധ്യാപിക എന്ന നിലയിൽ വഴിവിട്ട് ഇടപെടുകയും ചെയ്ത സംസ്കൃത വകുപ്പ് ഡീനിനെ തദ്സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ ശക്തമായ സമരവുമായി എസ്എഫ്ഐ മുന്നോട്ടുപോകുമെന്നും ശിവപ്രസാദ് വ്യക്തമാക്കി.



Similar Posts