< Back
Kerala
Complaint Against Jayan Cherthala in Court by Producers Association
Kerala

'മാധ്യമങ്ങളിലൂടെ അവഹേളിച്ചു'; നടൻ ജയൻ ചേർത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Web Desk
|
20 March 2025 8:00 PM IST

ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് നിരാകരിച്ചതോടെയാണ് സംഘടന കോടതിയെ സമീപിച്ചത്.

കൊച്ചി: നടൻ ജയൻ ചേർത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകി. അസോസിയേഷനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് നിരാകരിച്ചതോടെയാണ് സംഘടന കോടതിയെ സമീപിച്ചത്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിലുൾപ്പെടെ ജയൻ ചേർത്തല ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദേശത്തു നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയിൽ നിന്ന് നിർമാതാക്കളുടെ സംഘടന ഒരു കോടി രൂപ വാങ്ങിയെന്നുൾപ്പെടെയായിരുന്നു ആരോപണം.

കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താരസംഘടനകൾക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയും ജയൻ ചേർത്തല രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിമർശനങ്ങളിലെ ചില പരാമർശങ്ങൾക്കെതിരെയാണ് നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയച്ചതും അത് നിരാകരിച്ചതോടെ കോടതിയിൽ പരാതിയും നൽകിയത്.

സംഘടനയ്ക്കുണ്ടാക്കിയ മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹരജിയിൽ പറയുന്നത്. സംഘടനയുടെ സൽപ്പേരിന് കളങ്കം വരുത്തി, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു, മാപ്പപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു, അതിനാൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും ബിഎൻസ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.


Similar Posts