< Back
Kerala
Complaint Against Rahul Mamkootathil MLA by Husband of Complaintee
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; കുടുംബ ജീവിതം തകർത്തു, കേസെടുക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്

Web Desk
|
3 Jan 2026 7:47 PM IST

'തന്റെ ഭാര്യയെ രാഹുൽ ഗർഭിണിയാവാൻ നിർബന്ധിച്ചെന്നും ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്നും പരാതിയിൽ ഭർത്താവിന്റെ പറയുന്നു'.

പാലക്കാട്: ലൈം​ഗികാതിക്രമക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്ന് പരാതി നൽകിയ യുവതിയുടെ ഭർത്താവും രാഹുലിനെതിരെ പരാതി നൽകി. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇദ്ദേഹം പരാതി നൽകിയത്.

കുടുംബ പ്രശ്നം തീർക്കാനാണ് താൻ ശ്രമിച്ചതെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. എന്നാൽ രാഹുൽ തൻ്റെ കുടുംബം തകർക്കുകയാണ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല.

തങ്ങൾക്കിടയിലുണ്ടായിരുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ മുതലെടുത്ത് പ്രതി ക്രിമിനൽ ഉദ്ദേശ്യത്തോടെ ‌തൻ്റെ ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചു. താൻ ഇല്ലാത്ത സമയങ്ങളിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുൽ എത്തി. ഗർഭിണിയാവാൻ നിർബന്ധിച്ചെന്നും ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്നും പരാതിയിൽ ഭർത്താവിന്റെ പറയുന്നു.

ഭാര്യയെ ഗർഭിണിയാക്കിയതും ഗർഭഛിദ്രം നടത്തിയതും തൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎൽഎ കുടുംബം തകർക്കുകയാണ് ചെയ്തത്. രാഹുൽ കുറ്റം ചെയ്തിട്ടുണ്ട്. ‌യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ തൻ്റെ ഐഡന്റിറ്റി കൂടി വെളിപ്പെട്ടു.

വിഷയത്തിൽ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയായ സ്ത്രീയെ വശീകരിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ് സംഹിത വകുപ്പ് 84 പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച് നൽകിയ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിന് മുൻകൂർ ജാമ്യം ലഭിച്ചു.

Similar Posts