< Back
Kerala
സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസ്; പാലാരിവട്ടം എസ്ഐ കെ.കെ ബൈജുവിനെതിരെ മുമ്പും പരാതി
Kerala

സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസ്; പാലാരിവട്ടം എസ്ഐ കെ.കെ ബൈജുവിനെതിരെ മുമ്പും പരാതി

Web Desk
|
24 Nov 2025 10:03 AM IST

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ ബൈജു

എറണാകുളം: കൊച്ചിയിൽ സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ പാലാരിവട്ടം എസ്ഐ കെ.കെ ബൈജുവിനെതിരെ മുമ്പും പരാതി. ആലപ്പുഴ സ്വദേശിയായ യുവാവാണ് ഡിജിപിക്ക് പരാതി നൽകിയത്.

തന്നെ പ്രതിയാക്കി വ്യാജ കേസ് എടുത്തെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെന്നുമാണ് യുവാവിനെതിരെയുള്ള കേസ്. ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ. ബൈജു. സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിൽ ഇന്നലെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. നാലുലക്ഷം രൂപയാണ് ബിജുവും എറണാകുളത്തെ സ്പാ സെൻറർ ജീവനക്കാരും സിപിഒയിൽ നിന്ന് തട്ടിയെടുത്തത്.

നവംബർ ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പാ സെൻ്ററിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാർ മാലമോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ എസ്ഐ കെ.കെ ബിജു ഇടപെട്ടു. സ്പായിൽ പോയത് വീട്ടുകാരെ അറിയിക്കുമെന്ന ഭീഷണിയുമുണ്ടായി. ആസൂത്രിത നീക്കമാണെന്ന് മനസിലായതോടെ സിപിഒ പരാതിയും നൽകി. സംഭവത്തിൽ സ്‌പാ ജീവനക്കാരടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ്‌ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടാൽ തുടർ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഇന്നലെ പറഞ്ഞിരുന്നു. പാലാരിവട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനായ സിപിഒ.

Similar Posts