< Back
Kerala
ആരോഗ്യ നില മോശമായിട്ടും മതിയായ ചികിത്സ ഉറപ്പാക്കിയില്ല;  കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി
Kerala

'ആരോഗ്യ നില മോശമായിട്ടും മതിയായ ചികിത്സ ഉറപ്പാക്കിയില്ല'; കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

Web Desk
|
17 Nov 2025 7:08 AM IST

പരമാവധി ചികിത്സ ഉറപ്പാക്കിയെന്ന് മെഡിസിറ്റി ആശുപത്രിയുടെ വിശദീകരണം

കൊല്ലം: കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അഞ്ചൽ മണ്ണൂർ സ്വദേശി ജോബിൻ ജോണിന്റെ കുടുംബത്തിന്റെ പരാതി. രക്തക്കുഴൽ പൊട്ടുന്ന രോഗാവസ്ഥയിൽ ആയിരുന്നു ജോബിനെന്നും പരമാവധി ചികിത്സ ഉറപ്പാക്കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

വയറ്റിനുള്ളിലെ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് 39 കാരനായ ജോബിൻ ജോൺ ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ വിധേയനായിരുന്നു. ഡിസ്ചാർജിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ വേദന കൂടി. തുടർന്ന് കഴിഞ്ഞ ദിവസം യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ രക്തക്കുഴൽ വീർക്കുന്ന സ്യൂഡോ അന്യൂറിസം എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആരോഗ്യ നില മോശമായിട്ടും യുവാവിന് മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.കൊട്ടിയം പൊലീസിൽ പരാതി നൽകിയ കുടുംബം നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. പരാതി അടിസ്ഥാന രഹിതമാണെന്നും ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തക്കുഴൽ ബ്ലോക്ക് ചെയ്ത് ചികിത്സ നടത്തുന്നതിന് ജോബിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവേ രക്തക്കുഴൽ പൊട്ടിയതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.


Similar Posts