< Back
Kerala
ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു;  ഷിംജിതയുടെ പേരിൽ പൊലീസിൽ പരാതി
Kerala

'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു'; ഷിംജിതയുടെ പേരിൽ പൊലീസിൽ പരാതി

Web Desk
|
22 Jan 2026 4:55 PM IST

ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലാണ് ഷിംജിത

കണ്ണൂർ: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിത മുസ്തഫയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നൽകിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ സ്റ്റാൻ്റിലേക്കുള്ള ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തെന്നാണ് പരാതി. ഇ-മെയിൽ വഴി ഇന്നാണ് പൊലീസിന് പരാതി ലഭിച്ചത്.

അതേ സമയം, കേസിൽ പ്രതിയായ ഷിംജിതയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്തായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസ്സിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസ്സിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ട്.

ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ ഷിജിത ബിരുദാനന്തര ബിരുദധാരിയും മുൻപ് വാർഡ് മെമ്പറായിരുന്ന വ്യക്തിയുമാണ്. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.

മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും കണ്ടെത്തി.

പൊതുജനങ്ങൾ വളരെ ഗൗരവത്തോടെ സോഷ്യൽ മീഡിയകളെ നോക്കി കാണുന്ന ഈ കാലഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകുന്ന പക്ഷം ആയത് സമൂഹത്തിന് തന്നെ ഒരു തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടെടുക്കാനുള്ള നടപടികൾ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നടന്നുവരുന്നു. നിലവിൽ മഞ്ചേരി വനിതാ ജയിലിൽ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കം ഡിജിറ്റൽ ഗാഡ്ജെറ്റുകളും പൊലീസ് പരിശോധിക്കും.

ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കും. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

ഒളിവിൽ പോയ ഷിംജിതയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

Similar Posts