< Back
Kerala
Complaint filed with Bar Council against school lawyer over hijab ban

Photo| MediaOne

Kerala

കേസ് കോടതിയിലായിരിക്കെ പരസ്യപ്രതികരണം; ശിരോവസ്ത്ര വിലക്കിൽ സ്കൂൾ അഭിഭാഷകയ്ക്കെതിരെ ബാർ കൗൺസിലിൽ പരാതി

Web Desk
|
22 Oct 2025 7:02 PM IST

ബാര്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിമല ബിനു പ്രവര്‍ത്തിച്ചെന്ന് പരാതിയിൽ പറയുന്നു.

കൊച്ചി: ശിരോവസ്ത്ര വിലക്കിൽ പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിനായി കോടതിയിൽ ഹാജരാവുന്ന അഭിഭാഷകയ്ക്കെതിരെ ബാർ കൗൺസിലിൽ പരാതി. കേസ് കോടതിയിൽ നിലനിൽക്കെ മാധ്യമങ്ങളെ കണ്ടും ചാനൽ ചർച്ചകളിൽ തത്സമയം പങ്കെടുത്തും പരസ്യപ്രതികരണം നടത്തുന്നുവെന്നും ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

അഡ്വ. ആദർശാണ് അഡ്വ. വിമല ബിനുവിനെ പരാതി നൽകിയത്. ബാര്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിമല ബിനു പ്രവര്‍ത്തിച്ചെന്ന് പരാതിയിൽ പറയുന്നു. അഡ്വക്കേറ്റ് ഒരു വക്കാലത്ത് ഏറ്റെടുത്ത് കഴിഞ്ഞാൽ ആ കേസിന്റെ പൂർണ ഉത്തരവാദിത്തം അയാൾക്കാണെന്നും ഏത് തരത്തിലുള്ള കേസാണെങ്കിലും കോടതിയിൽ മാത്രമാണ് അതുമായി ബന്ധപ്പെട്ട വാദങ്ങൾ പറയേണ്ടതെന്നും അഡ്വ. ആദർശ് മീഡിയവണിനോട് പറ‍ഞ്ഞു.

ഇത്തരമൊരു വിവാദ കേസിൽ അഡ്വ. വിമല ബിനു വാർത്താസമ്മേളനം നടത്തുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ആ കേസിന്റെ മെറിറ്റും ഡി മെറിറ്റും പറയുകയും ചെയ്യുന്നു. അവരല്ല, സ്‌കൂൾ മാനേജ്‌മെന്റ് ഭാരവാഹികളോ ബന്ധപ്പെട്ട മറ്റുള്ളവരോ പറയേണ്ട കാര്യമാണ് അതെല്ലാം.

ഈ വെള്ളിയാഴ്ചയേ കേസ് കോടതിയിൽ അഡ്മിഷന് വരികയുള്ളൂ. അഡ്മിഷന് വരാനിരിക്കുന്ന കേസിന്റെ മെറിറ്റിനെ കുറിച്ചാണ് അഡ്വ. വിമല മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഒരു മന്ത്രിയുടെ അഭിപ്രായത്തിന് മറുപടി പറയേണ്ടതും വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന അഡ്വക്കേറ്റല്ല. അക്കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടത്.

ഇതുസംബന്ധിച്ച് സുപ്രിംകോടതിയുടെ മാർഗനിർദേശമുണ്ടെന്ന് മാത്രമല്ല, ബാർ കൗൺസിൽ നിയമത്തിലും പറയുന്നുണ്ട്. കേസ് കോടതിയിൽ നിലനിൽക്കെ അഭിഭാഷകർ പരസ്യപ്രതികരണം നടത്തുന്നത് അഡ്വക്കേറ്റ് ആക്ടിന്റെ റൂൾസ് 36 പ്രകാരം വിലക്കിയിട്ടുണ്ട്. കേസിന്റെ വിധിക്ക് ശേഷമേ ഇത്തരം കാര്യങ്ങളിൽ അഡ്വക്കേറ്റുമാർ പരസ്യപ്രതികരണം നടത്താൻ പാടൂള്ളൂ

എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts