< Back
Kerala
പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോൾ ശുദ്ധികലശം;  സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി
Kerala

പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോൾ ശുദ്ധികലശം; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Web Desk
|
12 Jun 2025 8:54 AM IST

ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്

തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി.ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്.

കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകി. സംഭവത്തിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നൽകി.സംഭവത്തിൽ ഇടപെട്ട കമ്മീഷൻ പൊതു ഭരണ വകുപ്പ് സെക്രട്ടറിക്കും കൻ്റോൺമെൻ്റ് പൊലീസിനും പരാതി കൈമാറി.

ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ നിന്ന് സ്ഥലം മാറി ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്ക് പോയ ജീവനക്കാരിയാണ് പരാതിക്കാരി. സ്ഥലംമാറ്റം നടന്നതിന് പിന്നാലെ സഹപ്രവർത്തകൻ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. താൻ ഉപയോഗിച്ച മേശയും കസേരയും അടക്കം ഓഫീസിൽനിന്ന് മാറ്റിയതായും പരാതിയിലുണ്ട്. മറ്റ് ജീവനക്കാർ ഇക്കാര്യങ്ങൾ കേട്ടതാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകിയത്. നേരത്തെയും സഹപ്രവർത്തകൻ ദേഷ്യത്തോടെയാണ് തന്നോട് പെരുമാറിയിരുന്നതെന്നും ജീവനക്കാരി പറഞ്ഞു.

അതേസമയം, പരാതിയിൽ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റിൽ നടന്നിട്ടില്ലെന്ന് ആരോപണ വിധേയൻ പറഞ്ഞു.മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താൻ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയൻ പറഞ്ഞു.

കൻ്റോൺമെൻ്റ് പൊലീസ് ഉടൻതന്നെ രണ്ട് കൂട്ടരുടെയും മൊഴിയെടുക്കും. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രവർത്തകരാണ് ഇരുവരും. കമ്മീഷന് നേരിട്ട് പരാതി കൊടുത്തതിന്റെ പേരിൽ പരാതിക്കാരിക്കെതിരെ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നടപടിയെടുത്തു. അസോസിയേഷന്റെ ഏരിയ കമ്മിറ്റികളിൽ നിന്നടക്കം പരാതിക്കാരിയെ മാറ്റിനിർത്തി.


Similar Posts