< Back
Kerala
കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു
Kerala

കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു

Web Desk
|
29 Jun 2025 7:33 AM IST

സീനിയർ ന്യൂറോ സർജൻ ജേക്കബ് ജോണിനെതിരെയാണ് പരാതി

കൊല്ലം: കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിൽ ചികിത്സാ പിഴവെന്ന് വീണ്ടും പരാതി. കൈയിൽ ശസ്ത്രക്രിയ നടത്തിയ പരവൂർ സ്വദേശി വിനീതയ്ക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടുവെന്നാണ് പരാതി. സീനിയർ ന്യൂറോ സർജൻ ഡോക്ടർ ജേക്കബ് ജോണിനെതിരെയാണ് വീണ്ടും പരാതി ഉയരുന്നത്.

കാർപൽ സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് ആയിരുന്നു വിനീതയ്ക്ക് കൈയ്യിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ വേദന അനുഭവപ്പെട്ടു, മുറിവ് പഴുക്കാനും തുടങ്ങി. മൂന്ന് തുന്നലുകൾ മതിയാകും എന്ന് പറഞ്ഞിടത്ത് 13 തുന്നൽ വേണ്ടി വന്നു. ഡോക്ടർ ജേക്കബ് ജോണിന് പകരം ജൂനിയർ ഡോക്ടറാണ് ശാസ്ത്രക്രിയ നടത്തിയത് എന്നും പരാതിയുണ്ട്.

മുറിവിൽ അണുബാധയുണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടതോടെ തയ്യൽ തൊഴിലാളി ആയ വിനീതയുടെ ജീവിതം ദുരിതത്തിൽ ആയി. ഫിസിയോതെറാപ്പിയിലൂടെ കൈവിരലുകൾ ചലിപ്പിക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ. പരാതി പുറത്തു പറയരുത് എന്ന് ആശുപത്രി അധികൃതർ വിളിച്ച് വിലക്കിയതായും ആക്ഷേപമുണ്ട്. ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആശുപത്രി.

watch video:

Similar Posts