< Back
Kerala
Thycaud W&C Hospital

തൈക്കാട് സർക്കാർ ആശുപത്രി

Kerala

'കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു'; തൈക്കാട് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന് പരാതി

Web Desk
|
19 May 2024 11:55 AM IST

എട്ടു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം. കുഞ്ഞിന് അനക്കമില്ല എന്ന് ഡോക്ടറെ അറിയിച്ചപ്പോൾ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചു. പിറ്റേദിവസം പുറത്ത് നടത്തിയ സ്കാനിങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിനും പൊലീസിനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

എട്ടുമാസം ഗർഭിണിയായ പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തത് കാണിക്കാനായിരുന്നു വ്യാഴാഴ്ച രാത്രി 11 മണിയോടെ തൈക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു. പിറ്റേദിവസം പുറത്ത് നടത്തിയ സ്കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഉടൻ തൈക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എസ്.എ.ടിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. എസ്.എ.ടിയിൽ എത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തൈക്കാട് ആശുപത്രിയിലെ ഡോക്ടർ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ലിബു പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കുഞ്ഞിന്റെ മരണകാരണമറിയാൻ പത്തോളജിക്കൽ ഓട്ടോപ്സി നടത്തും.

Similar Posts