< Back
Kerala
പ്രസവത്തെ തുടർന്ന് യുവതി അണുബാധയേറ്റ് മരിച്ച സംഭവം;   തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം
Kerala

പ്രസവത്തെ തുടർന്ന് യുവതി അണുബാധയേറ്റ് മരിച്ച സംഭവം; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം

Web Desk
|
9 Nov 2025 2:43 PM IST

തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയിൽ നിന്നുള്ള അണുബാധ മൂലമെന്ന് ബന്ധുക്കൾ. പ്രസവത്തിന് ശേഷം നാല് ദിവസത്തിനുള്ളിൽ ആരോഗ്യനില മോശമായ ശിവപ്രിയയെ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശിവപ്രിയയുടെ മരണം അൽപസമയങ്ങൾക്ക് മുമ്പ്. ഇതേതുടർന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്.

തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. പ്രസവത്തിന് വേണ്ടി ആശുപത്രിയിലെത്തിച്ച യുവതി പ്രസവത്തിന് ശേഷവും നാല് ദിവസങ്ങൾക്ക് ശേഷം പനി ബാധിച്ച് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലേക്ക് മാറ്റി. വീണ്ടും രോഗം മൂർഛിച്ചതിനെ തുടർന്ന് അൽപസമയങ്ങൾക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 22നാണ് പ്രസവവേദനയെ തുടർന്ന് ശിവപ്രിയയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രസവം നടന്നതിന് ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ തുടരുകയും ചെയ്തിരുന്നു. 25ാം തിയതിയാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ വീണ്ടും തിരികെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ അണുബാധ പ്രവേശിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഐസിയുവിൽ പ്രവേശിപ്പിക്കണമെന്നും പറഞ്ഞതോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ നിന്നാണ് അണുബാധയേറ്റതെങ്കിൽ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കുടുംബം ചോദിക്കുന്നത്. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കുടുംബത്തിന്‍റെ പക്കലുണ്ടെന്നാണ് സൂചന. മരണത്തെ തുടർന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്.

വളരെ മനോവിഷമം ഉണ്ടാക്കിയെന്നും കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ‍‍ഡോക്ടർ ബിന്ദു പറഞ്ഞു. പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സയാണ് നൽകിയതെന്നും ആശുപത്രിയിൽ നിന്നല്ല ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ​ഗൈനക്കോളജിസ്റ്റ് സുജമോൾ പ്രതികരിച്ചു.

Similar Posts