< Back
Kerala
ലോകത്ത് ആരെങ്കിലും ഉപ്പുവെള്ളം എടുത്ത് കോൺക്രീറ്റ് ചെയ്യുമോ?; കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന് പരാതി; നിർമാണം നിർത്തിവെപ്പിച്ച് കലക്ടര്‍
Kerala

'ലോകത്ത് ആരെങ്കിലും ഉപ്പുവെള്ളം എടുത്ത് കോൺക്രീറ്റ് ചെയ്യുമോ?'; കൊല്ലത്ത് ഉപ്പുവെള്ളം ഉപയോഗിച്ച് സർക്കാർ കെട്ടിടം നിർമ്മിക്കുന്നെന്ന് പരാതി; നിർമാണം നിർത്തിവെപ്പിച്ച് കലക്ടര്‍

Web Desk
|
10 Feb 2026 9:23 PM IST

ശക്തികുളങ്ങര ഹാർബറിൽ നിർമാണം നടക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് സെൻട്രൽ ബിൽഡിംഗിന് എതിരെയാണ് പരാതി

കൊല്ലം: ശക്തികുളങ്ങരയിൽ സർക്കാർ കെട്ടിടം പണിയാൻ ഉപ്പുവെള്ളം ഉപയോഗിച്ചെന്ന പരാതിയിൽ നിർമാണം നിർത്തിവച്ചു. കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. ജനപ്രതിനിധികളും നാട്ടുകാരും ബോട്ട് ഉടമകളും കലക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ശക്തികുളങ്ങര ഹാർബറിൽ നിർമാണം നടക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് സെൻട്രൽ ബിൽഡിംഗിന് എതിരെയാണ് പരാതി. കോൺക്രീറ്റിങ്ങിനു വേണ്ടി കായലിൽ നിന്ന് ഉപ്പ് വെള്ളം പമ്പ് ചെയ്ത് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ബോട്ട് ഓണേർസ് അസോസിയേഷനും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പണികൾ നിർത്തിവെപ്പിച്ചിരുന്നു.

ജില്ലാ കലക്ടർ ഇടപെട്ടാണ് നിർമാണം നിർത്തിവെപ്പിച്ചത്. തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങിലെ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. ഹാർബർ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും. നബാർഡിന്റെ ഫണ്ടിൽ നിന്നും 34.5 കോടി ചിലവിട്ട് നടത്തുന്ന നിർമാണം ആരംഭിച്ചിട്ട് അഞ്ചു വർഷം കഴിയുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കൂ എന്നതാണ് നാട്ടുകാരുടെ നിലപാട്.


Similar Posts