
Photo: MediaOne
'മരിച്ച് പോയീന്ന് പറഞ്ഞ് വെട്ടിക്കളഞ്ഞ് മോനേ...'പാലക്കാട് പലശ്ശനിയിൽ മരിച്ചുവെന്ന് പറഞ്ഞ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പരാതി
|പാലക്കാട് പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ നിവാസികളായ തങ്ക, രമേശ് എന്നിവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്
പാലക്കാട്: പാലക്കാട് ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചുവെന്ന് പറഞ്ഞ് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയാതായി പരാതി. പാലക്കാട് പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ നിവാസികളായ തങ്ക, രമേശ് എന്നിവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. മരണപ്പെട്ടു എന്ന് വിചാരിച്ചാണ് പേരുകൾ നീക്കം ചെയ്തത് എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. ഫീൽഡ് വെരിഫിക്കേഷനിൽ വന്ന പിഴവാണെന്നും രണ്ട് പേരെയും വോട്ടർ പട്ടികയിൽ ഉൾപെടുത്തുമെന്നും പലശ്ശന പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
'മരിച്ചുപോയീന്ന് പറഞ്ഞ് അവര് എന്നെ വെട്ടിക്കളഞ്ഞ് മോനേ...എന്താ മക്കളേ, ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുമ്പോ ഞങ്ങളോടെന്തിനാ പറയുന്നേ എന്നാണ് തിരിച്ച് പറേന്നത്..ഞാനെന്ത് ചെയ്യാനാ..' പേര് വെട്ടിമാറ്റപ്പെട്ട തങ്ക മീഡിയവണിനോട് പറഞ്ഞു.
34കാരനായ കൂലിപ്പണിക്കാരൻ രമേശന്റെ പേരും സമാന കാരണം പറഞ്ഞാണ് വെട്ടിമാറ്റിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരുന്നുവെന്നും എന്തുകൊണ്ടാണ് പേര് വെട്ടിമാറ്റിയതെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും രമേഷ് പറഞ്ഞു. ഇരുവരും മരിച്ചുപോയെന്ന് കണക്കാക്കിയാണ് വോട്ടർപട്ടികയിൽ നിന്ന് പേര് മാറ്റിയതെന്ന് പഞ്ചായത്ത് അധികൃതർ. എന്നാൽ ഫീൽഡ് വെരിഫിക്കേഷനിൽ ഇത് ഉറപ്പാക്കേണ്ടിയിരുന്ന ബിഎൽഒ മാരുടെ ഗുരുതരമായ വീഴ്ചയിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്.