< Back
Kerala
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം: അനുമതി അവശ്യ സേവനങ്ങള്‍ക്ക് മാത്രം
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം: അനുമതി അവശ്യ സേവനങ്ങള്‍ക്ക് മാത്രം

Web Desk
|
10 July 2021 6:31 AM IST

പൊതുഗതാഗതം ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ.

വാരാന്ത്യ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ മേഖലകള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇന്നും നാളെയും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്.

ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. നേരത്തെ നിശ്ചിയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി 10ന് മുകളില്‍ത്തന്നെ

കേരളത്തില്‍ ഇന്നലെ 13,563 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 10,454 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,380 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍ അഞ്ചിനു താഴെയുള്ള 86, അഞ്ചിനും 10നും ഇടയ്ക്കുള്ള 382, 10നും 15നും ഇടയ്ക്കുള്ള 370, 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.



Similar Posts