
Photo: MediaOne
പൊലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു നേതാക്കളെ കൈവിട്ട് കോൺഗ്രസ്; താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
|സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി
തൃശൂർ: മുഖംമൂടി ധരിപ്പിച്ച് പൊലീസ് കോടതിയിൽ ഹാജരാക്കിയ കെഎസ് യു നേതാക്കളെ കൈവിട്ട് കോൺഗ്രസ്. ജാമ്യത്തിൽ ഇറങ്ങിയ കെഎസ്‌യു നേതാവ് ഗണേഷ് ആറ്റൂരിനെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് കിള്ളിമംഗലം സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി. തൃശൂരിലെ സഹകരണ ബാങ്കുകളുടെ തലപ്പത്തിരിക്കുന്നത് ചില മേലാളന്മാരാണെന്നായിരുന്നു വിമർശനം.
വടക്കാഞ്ചേരി പൊലീസ് മുഖംമൂടി ധരിപ്പിച്ച് കെഎസ് യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരുന്നത്. ഈ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ആറ്റൂർ ഗണേഷിനെ പാർട്ടി കയ്യൊഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ ഭരണസമിതി മേൽനോട്ടം വഹിക്കുന്ന കിള്ളിമംഗലം സഹകരണ ബാങ്കിലെ താൽക്കാലിക ഡ്രൈവറായിരുന്ന ആറ്റൂർ ഗണേഷിനെ ജയിലിൽ നിന്ന് മടങ്ങിയതിന് ശേഷം തിരിച്ചെടുക്കുന്നില്ലായെന്നാണ് യൂത്ത് കോൺഗ്രസും കെഎസ് യുവും ഉയർത്തുന്ന ആക്ഷേപം.
പാർട്ടിക്ക് വേണ്ടി നിലകൊള്ളുകയും കേസിൽ പ്രതിയാവുകയും ചെയ്ത പ്രവർത്തകനെ തിരികെ ജോലിക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി ബാങ്കിന് കത്ത് നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
''തൃശൂരിലെ സഹകരണ ബാങ്കുകളുടെ തലപ്പത്തിരിക്കുന്നത് ചില മേലാളന്മാരാണ്..ശീതീകരിച്ച മുറിയിലെ കറങ്ങുന്ന കസേരയിൽ ഇരുന്നാൽ കിട്ടുന്ന സുഖവും ഇന്നോവ കാറിലെ യാത്രയും മാത്രമാണ് ഇവർക്കാകെ അറിയാവുന്നത്. '' അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.
എസ്എഫ്‌ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിലാണ് ഗണേഷ് ആറ്റൂർ, അൽഅമീൻ , അസ്ലം കെ എ എന്നിവർ കഴിഞ്ഞ മാസം അറസ്റ്റിലായത്. വിദ്യാർഥികളെ കറുത്ത മാസ്‌കും കൈ വിലങ്ങും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസും പോഷക സംഘടനകളും സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.