< Back
Kerala
Representative image
Kerala

സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്

Web Desk
|
24 May 2025 6:07 AM IST

സമൂഹമാധ്യമമായ എക്സിലാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ വെബ് സൈറ്റിലെ രേഖകൾ പങ്കുവെച്ച് ആരോപണം ഉന്നയിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്. സമൂഹമാധ്യമമായ എക്സിലാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ വെബ് സൈറ്റിലെ രേഖകൾ പങ്കുവെച്ച് ആരോപണം ഉന്നയിച്ചത്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യം ഉയർത്തിയാണ് കോൺഗ്രസിൻ്റെ നീക്കം.

കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്‍റർപ്രൈസസിന് ലഭിച്ചത്. അദാനി റോഡ് നിർമ്മിക്കാതെ ഇത് 971 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമാണച്ചെലവ്. എന്നാൽ വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോ‍ഡ് നിർമിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്നാണ് കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ.

അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിലെ മൂന്നംഗ സംഘത്തിന്‍റെ റിപ്പോർട്ട് ഇന്ന് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലല്ല ദേശീയപാതയുടെ നിർമാണമെന്നും ഇതാണ് അപകട കാരണമായതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. സ്ഥലത്ത് മേൽപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Similar Posts